ഈ ബ്ലോഗ് തിരയൂ

2017, ജനുവരി 27, വെള്ളിയാഴ്‌ച

കടലുവറ്റി കണ്ണീരുവറ്റി

കടലുവറ്റി കണ്ണീരുവറ്റി കനിവിന്‍റെ കടലാസുതോണി മുങ്ങി. കതിരുലഞ്ഞു വെയില്‍വെട്ടമെത്തി മഴയുടെ നീര്‍ച്ചാലു,കഥകളായി... ഇടിവെട്ടി മഴപെയ്ത നാളുകളില്‍ മഴയെനിക്കുത്സവമായിരുന്നു. കാത്തുവയ്ക്കാനൊരു തുള്ളിപോലും മാറ്റിവയ്ക്കാതന്നതാരെടുത്തു... മറയുന്ന മാനവസ്വപ്‌നങ്ങളില്‍ ഒരു തുള്ളിയാരോ കടംപറഞ്ഞു. വിധിയുടെ വേനല്‍പ്പുതപ്പിനുള്ളില്‍ ഒരുമഴക്കാലമുറക്കമായി... വെട്ടിവെളുപ്പിച്ചൊടുക്ക,മടക്കിയാ- പച്ചയാം ഭൂമിതന്‍ മാറിലെന്നും, മഞ്ഞിന്‍തണുപ്പേറ്റുപൊഴിയുവാന്‍ ചില്ലമേല്‍ ഇലകളില്ല കാട്ടുപൂക്കളില്ല. സ്വയമാ ചിതയിലായ് ഭൂമിയെങ്ങും കനലുപോലെരിയുന്നതാരറിവു, മരണക്കിടക്കയിലൊരു വൃദ്ധകോമാളി കണ്ണുനീര്‍ വാര്‍ക്കുന്നതെന്തിനിന്ന്. കാടും പുഴയും കാട്ടുതേനും നാടുമിടവഴിക്കോണുകളും പൂവും പുതുമഴഗന്ധമെന്നും പാട്ടില്‍പ്പതിയുന്നൊരോര്‍മ്മകളായ്... കനിവാര്‍ന്ന പ്രകൃതിതന്‍ സമ്മാനമായ് കതിരുകള്‍ പൂത്തുവിടര്‍ന്നുനിന്നു, ചപലമോഹങ്ങള്‍തന്‍ വേലിപ്പടര്‍പ്പുകള്‍ അതിരുകെട്ടി,ക്കതിരുകൊയ്‌തെടുത്തു. വെറുംവാക്കിലൊഴുകിപ്പരക്കുന്ന മോഹങ്ങള്‍ തീരത്തണയുന്ന തിരകള്‍പോലെ ആഴക്കയത്തിലേക്കൊഴുകിപ്പരക്കുന്ന, കണ്ണുനീര്‍ത്തുള്ളികള്‍ സ്വപ്‌നങ്ങളായ്... ................................................................... എഴുതിയത് - അമല്‍ദേവ്.പി.ഡി


http://www.facebook.com/amaldevpd

amaldevpd@gmail.com








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ