ഈ ബ്ലോഗ് തിരയൂ

2015, നവംബർ 26, വ്യാഴാഴ്‌ച

നഗരം

ഉറങ്ങാൻ വൈകുമേറെ -
യെന്നാലുമുണരുമേറെയാദ്യം.
തിളയ്ക്കും യൗവനപാത്രമതി,
ലെണ്ണ വറ്റും കിനാക്കുരുന്നുക -
ളോടി മറയും നിശാപ്പുൽ,
മെത്ത തേടുമാവർത്തനങ്ങളിൽ...

വിതയ്ക്കും മാറിലാരോ-
മലർ സ്വപ്നമാമിന്ദ്രജാല,
മൊഴുകും പ്രേമധാരപോലിരമ്പും
പകലൊന്നാഞ്ഞു നീങ്ങിടുന്നു.
വിരസം മൂകമൊരു വാക്കിനാൽ
കോർക്കുമലസം നീന്തി,
യകലും സാന്ധ്യശോഭയും...

തിരയും തിരതല്ലുമിടവേളയില്ലാ-
തിടയും പകൽവേഗമെല്ലാം
പതിയെ മടങ്ങിടുന്നു
തിരയടങ്ങാമാഴി പോലെ...
വളരും രതിവേഗ,
മിരുൾ ചൂടുമിടനാഴിയും
മിഴിചിമ്മി മാനത്ത്
കുട ചൂടുമഴകായി
നഗരാഭിരുചികൾ
വളരുന്ന നിമിഷവും.
ഉഷ്ണം വിതയ്ക്കുന്ന
മഴമേഘ കൂടാരം
തെരുവുകൾ താണ്ടുന്ന
മാനുഷകേതാരവും,
മിഴി ചിമ്മിയുണരുമ്പോൾ
പുതിയൊരു ലോകത്തിൻ
പുതുമകൾ നിറയുന്ന
സ്വപ്ന വേഗങ്ങളും.

രാത്രിപെയ്യുമാരണ്യ ശൃംഗങ്ങളിൽ
രാവുനീളെ കാത്തിരിപ്പൂ
രാഗമൊന്നായാലപിച്ചുകൊണ്ടാ-
തിരപ്പൂവിനെ തൊട്ടറിഞ്ഞു.
കനലെരിഞ്ഞമരുന്നു
കനവിന്റെ കവിതയിൽ
കതിർചൂടുമഭിലാഷ,
നഗരമൊരഴകായി
പതിരായി പകരുന്ന
പുതിയൊരു രീതിയെ,
പലവട്ടം പാടുന്നു
നഗരമൊരു നാരിയായ്...
------------------------------------

കവിത - നഗരം
എഴുതിയത് - അമൽദേവ്.പി.ഡി

http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
http://www.facebook.com/blankpage.entekavithakal

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ